കോടശേരി: വർഷങ്ങളായി പട്ടയമില്ലാതെ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് നൂറ് കണക്കിന് പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിച്ചു.
കോടശേരി, കുറ്റിച്ചിറ വില്ലേജുകളിലായി പട്ടയത്തിനായി സമർപ്പിച്ച 585 അപേക്ഷകൾ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് തൃശൂർ ലാൻഡ് അസൈൻമെന്റ് സ്പെഷ്യൽ തഹസിൽദാർ അറിയിച്ചിരുന്നു. എന്നാൽ പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ, കാലതാമസം ഒഴിവാക്കി അപേക്ഷകളിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിവേദനക്കാർ ആവശ്യപ്പെട്ടു.
കോടശേരിയിലെ കർഷകരുടെ വർഷങ്ങളായുള്ള പട്ടയപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അർഹരായവർക്ക് എത്രയും വേഗം പട്ടയം ലഭ്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. ജോയ് കട്ടക്കയം, പ്രസിഡന്റ് കെ.എം. ജോസ്, പരമേശ്വരൻ കാമറ്റത്തി, ഓമന ജോസ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.
ന്യൂസ് ഡെസ്ക് കേരളടൈംസ്




