​പൊരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു: ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

​തൃശൂർ / ചാലക്കുടി : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഓഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണിയോടെ ഡാമിലെ ജലനിരപ്പ് 421.00 മീറ്ററിലെത്തി.
​വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാലും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, ജലനിരപ്പ് 422.00 മീറ്ററിൽ എത്തിയാൽ സൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തൃശൂർ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.
​ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
​പ്രധാന നിയന്ത്രണങ്ങളും നിർദേശങ്ങളും:
​ പൊതുജനങ്ങളും കുട്ടികളും പുഴയിൽ കുളിക്കുന്നതിനും, വസ്ത്രങ്ങൾ അലക്കുന്നതിനും, ഫോട്ടോ/സെൽഫി എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.

ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ട്.
​ പുഴയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ കടുപ്പിക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദേശം നൽകി.
​ ആവശ്യമെങ്കിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *