രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 180 രൂപയുടെ കുറവോടെ സിലിണ്ടറിന്റെ പുതിയ വില 2,951 രൂപയായി. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത്.
കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി ഉണ്ടായ വിലവർധനയെ തുടർന്ന് വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരം രൂപ കടന്നിരുന്നു. അതിനാൽ ഇപ്പോഴത്തെ വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകൾക്ക് ആശ്വാസം പകരുമെങ്കിലും, മുൻകാല വർധന കണക്കിലെടുക്കുമ്പോൾ ഇത് പരിമിതമായ ഇളവ് മാത്രമാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183 രൂപ 50 പൈസ വരെയാണ് വിലക്കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ വിപണിയിൽ ഉണ്ടായ അനുകൂല സാഹചര്യങ്ങളുമാണ് വിലക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നിരുന്നാലും, ആഗോള വിപണിയിലെ എണ്ണവില ഇടിവിന് ആനുപാതികമായ കുറവ് വാണിജ്യ എൽപിജി വിലയിൽ പ്രതിഫലിച്ചിട്ടില്ലെന്ന വിമർശനവും വ്യാപാര മേഖലയിലും ഉപഭോക്താക്കളിലും ഉയരുന്നുണ്ട്.



