റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; ഫെയർ വാല്യു നിർണയം അശാസ്ത്രീയമെന്ന് ‘ഭൂമിക’ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ.

​തൃശ്ശൂർ: കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ആശ്രയിക്കുന്നതും സർക്കാരിന് വൻതോതിൽ വരുമാനം നൽകുന്നതുമായ ഒരു മേഖലയാണിത്. എന്നാൽ നിലവിലെ അശാസ്ത്രീയമായ ഫെയർ വാല്യു നിർണയം റിയൽ എസ്റ്റേറ്റ് രംഗത്തെ പൂർണ്ണമായി തകർക്കുന്നതാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.എ. രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
​പ്രധാന റോഡുകളിലെ അതേ ഫെയർ വാല്യു തന്നെയാണ് പലയിടത്തും ഇടറോഡുകൾക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന വീടുകൾക്ക് പോലും ആഡംബര വീടുകളുടെ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരുന്നു. കൂടാതെ, ജപ്തി നടപടികളിൽപ്പെടുന്ന വീടുകളും സ്ഥലങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുമ്പോൾ, ഉയർന്ന ഫെയർ വാല്യു കാരണം രജിസ്ട്രേഷൻ ഫീസും മുദ്രപത്രച്ചെലവും വർദ്ധിക്കുകയാണ്. ഇത് പല വിൽപ്പനകളും തടസ്സപ്പെടാൻ കാരണമാകുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
​അതിനാൽ പുതുക്കിയ ഫെയർ വാല്യുവും അനുബന്ധ രജിസ്ട്രേഷൻ നിരക്കുകളും പുനഃപരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാകണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (RERA) അംഗത്വ ഫീസ് കുറച്ച് സാധാരണക്കാരായ തൊഴിലാളികളെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ, രജിസ്ട്രേഷൻ മന്ത്രിമാർക്കും നിവേദനം നൽകും.
​തൃശ്ശൂർ ഓൺലൈൻ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.എ. രഞ്ജിത്ത്, ജില്ലാ ട്രഷറർ പ്രഭാത്,
വൈസ് പ്രസിഡന്റ് ജിജോ നീലങ്കാവിൽ, ജില്ലാ ജോയിന്റ സെക്രട്ടറി സി.കെ. കബീർ, ജില്ലാ കോ-ഓർഡിനേറ്റർ പി.എം. ശ്രീനിവാസൻ, എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *