ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂസ് മിസൈലാക്രമണം. ആക്രമണത്തിൽ കപ്പലിലെ ക്രൂ അംഗമായ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ടെഹ്റാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്റെ ഈ തിരിച്ചടി.
ഒമാൻ ജലാതിർത്തിയിൽ മിസൈൽ വർഷം
’മൊംബാസ’, ‘അൽ ബഹിയാഹ്’ എന്നീ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് നീങ്ങുകയായിരുന്ന കപ്പലുകളിലേക്ക് ഇറാൻ ക്രൂസ് മിസൈലുകൾ തൊടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം കപ്പലുകൾക്ക് തീപിടിക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു.
“ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് വലിയ വെല്ലുവിളിയുയർത്തുന്നു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ ജീവനും സംരക്ഷിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ട്. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ ആക്രമത്തിൽ യുഎഇ പ്രതികരിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് ഇപ്പോൾ രക്തച്ചൊരിച്ചിലിൽ കലാശിച്ചിരിക്കുന്നത്. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ, ഇറാന് നേരെ പുതിയ സൈനിക നീക്കങ്ങൾക്ക് തുടക്കമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധസാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് കേരളടൈംസ് ഡെയിലി.




