ചാലക്കുടി: ചാലക്കുടി സൗത്ത് ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ബെന്നി ബെഹനാൻ എം.പി.യും സനീഷ് കുമാർ ജോസഫ് എം.എൽ.എ.യും അടിയന്തരമായി ഇടപെടണമെന്ന് ഹൗസിങ് ബോർഡ് കോളനി അലോട്ടീസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സൗത്ത് ജങ്ഷനിലെ സർവീസ് റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ കാന നിർമിക്കാത്തതാണ് മഴക്കാലത്ത് ഗുരുതരമായ വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഓരോ മഴയിലും ബസ് സ്റ്റേഷനും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നത് പതിവായിരിക്കുകയാണ്.
വെള്ളക്കെട്ട് മൂലം ബസ് സ്റ്റേഷനീലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഹൗസിങ് ബോർഡ് കോളനി, പറക്കാട് നഗർ എന്നിവിടങ്ങളിലെ വീടുകളിലേക്കും വെള്ളം കയറുന്നതായി അസോസിയേഷൻ ആരോപിച്ചു. ഇതോടെ പ്രദേശവാസികളും വ്യാപാരികളും വലിയ ദുരിതമാണ് നേരിടുന്നതെന്നും അവർ പറഞ്ഞു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.പി.ക്കും എം.എൽ.എ. ക്കും ദേശീയപാത അതോറിറ്റി ക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻ ജില്ലാ കളക്ടർമാർ സ്ഥലം സന്ദർശിച്ച് കാന നിർമാണം ഉറപ്പുനൽകിയെങ്കിലും അത് നടപ്പിലായില്ലെന്നും ദേശീയപാത അതോറിറ്റിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചു.
നിലവിലെ സാഹചര്യത്തിൽ മഴ പെയ്താൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കഴിയാനാകാത്ത അവസ്ഥയാണുള്ളത്. ബസ് സ്റ്റേഷനിൽ ബസുകൾക്ക് സർവീസ് നടത്താൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അതിനാൽ, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി സൗത്ത് ജങ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൗസിങ് ബോർഡ് കോളനി അലോട്ടീസ് അസോസിയേഷൻ ഭാരവാഹികളായ മുനിസിപ്പൽ കൗൺസിലർ വി.ജെ. ജോജി, അലോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് തമ്പി, കെ.പി. ഗോപി, എം.ഡി. ഷിജു എന്നിവർ ആവശ്യപ്പെട്ടു.




