കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതിന് ശേഷം മുൻ എം.എൽ.എ പി.വി. അൻവർ എവിടെയെന്ന ചോദ്യം ശക്തമാകുന്നു. കനത്ത തോൽവിക്ക് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അൻവർ പരസ്യ പ്രതികരണത്തിന് തയ്യാറായത്. യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വരികയും വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത ചടങ്ങുകളിൽ അൻവറിന്റെ അസാന്നിധ്യം വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശയാത്രകൾ പതിവായതിനാൽ അദ്ദേഹം നാട്ടിലില്ലെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ കേരളത്തിലെ പ്രധാന മുഖമായിരുന്ന അൻവർ, പാർട്ടി പിരിച്ചുവിട്ട് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് അവസാന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനുശേഷം അൻവറിനെ പറ്റി വിവരങ്ങളൊന്നുമില്ല. സൗദി അറേബ്യയിലോ ദുബായിലോ ആണെന്ന് ചിലർ പറയുമ്പോഴും കൃത്യമായ സ്ഥിരീകരണമില്ല. അൻവറിനെ പിണറായി വിജയൻ ഒതുക്കിയതാണെന്നും വി.ഡി. സതീശൻ ബോധപൂർവം മാറ്റിനിർത്തിയതാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങളുണ്ട്.
മുൻ പിണറായി സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അൻവറിന്റെ സാമ്പത്തിക ഇടപാടുകൾ പ്രതിസന്ധിയിലായിരുന്നു. ബേപ്പൂർ സീറ്റ് ചോദിച്ചു വാങ്ങി മുഹമ്മദ് റിയാസിനെതിരെ ‘മരുമോനിസം’ കാർഡ് ഇറക്കി ശക്തമായ പോരാട്ടമാണ് അൻവർ കാഴ്ചവെച്ചത്. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അൻവറിനൊപ്പം ഉറച്ചുനിന്നെങ്കിലും, കോൺഗ്രസിലെ ഒരു വിഭാഗം സി.പി.എമ്മുമായി ചേർന്ന് അൻവറിനെതിരെ കരുക്കൾ നീക്കിയതാണ് തോൽവിക്ക് കാരണമായതെന്ന ആരോപണവുമുയർന്നു. പരാജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ തുറന്നടിക്കാൻ അൻവർ തീരുമാനിച്ചിരുന്നെങ്കിലും ലീഗ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പിന്മാറുകയായിരുന്നു.
അൻവറിന്റെ പ്രധാന എതിരാളിയായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സതീശൻ സർക്കാർ സസ്പെൻഡ് ചെയ്ത് മാറ്റിനിർത്തിയിട്ടും, ആ സന്തോഷം പങ്കുവെക്കാൻ പോലും അൻവർ പരസ്യമായി രംഗത്തെത്തിയില്ല.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും യു.ഡി.എഫുമായി സഹകരിച്ച നേതാവെന്ന നിലയിൽ ബോർഡ്-കോർപ്പറേഷൻ പദവികളിൽ അൻവറിന് ഉറപ്പായ സ്ഥാനമുണ്ടായിരുന്നു. എന്നാൽ മുന്നണി യോഗങ്ങൾ നടക്കുമ്പോഴും അൻവറിന്റെ അസാന്നിധ്യം തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന അടുത്ത അനുയായികളോട് പോലും അദ്ദേഹം നിലവിൽ ആശയവിനിമയം നടത്തുന്നില്ലെന്നാണ് വിവരം.
ബേപ്പൂരിലെ പരാജയത്തിന് ശേഷം പി.വി. അൻവർ എവിടെ? തൃണമൂൽ ഉപേക്ഷിച്ചു, യു.ഡി.എഫ് യോഗങ്ങളിലും ആളില്ല; അൻവറിന്റെ അസാന്നിധ്യം ചർച്ചയാകുന്നു.




