തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് വിതുര പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായും അടച്ചു.കല്ലാർ – പൊൻമുടി റോഡിലെ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിനോട് ചേർന്നുള്ള ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് പുലർച്ചെയോടെയാകാം മണ്ണിടിച്ചിൽ സംഭവിച്ചതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനെ തുടർന്ന് വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു.മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പാലക്കാട് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഇന്നും നാളെയും പൂർണ്ണമായി നിരോധിച്ചു. അതേസമയം, മലയോരമേഖലയിലും ഉൾവനത്തിലും മഴ കനത്തതോടെ കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും അടച്ചിട്ടിരിക്കുകയാണ്. അച്ചൻകോവിൽ വനമേഖലയിൽ പ്രളയസമാനമായ സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
കനത്ത മഴയും മണ്ണിടിച്ചിലും; പൊൻമുടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു




