തൃശൂർ: ജില്ലയിൽ ശക്തമായ മഴയും കാറ്റും പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ.ജെ. ജനീഷ്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ പങ്കെടുത്തു.ദുരിതാശ്വാസ ക്യാമ്പുകളും ഒഴിപ്പിക്കലും: മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയുമുള്ള മേഖലകളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് കളക്ടർ നിർദ്ദേശം നൽകി.പെരിങ്ങൽക്കുത്ത് ഡാം: ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് വൈകീട്ട് 3.00 മണിയോടെ തുറന്ന് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഓഗസ്റ്റ് മാസം കഴിയുന്നത് വരെ ഡാം ഗേറ്റുകളിൽ നിലവിലുള്ള സ്ഥിതി തുടരാനും തീരുമാനമുണ്ട്.തീരദേശ സുരക്ഷ: കനത്ത കടലാക്രമണ ഭീഷണിയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പിനും കോസ്റ്റ് ഗാർഡിനും നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകൾ സജ്ജമാക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട്.സജ്ജമായി സേനയും ആരോഗ്യവകുപ്പും: ഏത് അടിയന്തര സാഹചര്യവും നേരിടാൻ എൻ.ഡി.ആർ.എഫിന്റെ (NDRF) 26 അംഗ പ്ലാറ്റൂണും പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളും പൂർണ്ണസജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്: മഴ കനത്തതും ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി, വാഴച്ചാൽ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
തൃശൂരിൽ റെഡ് അലർട്ട്: മന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തര ദുരന്തനിവാരണ യോഗം ചേർന്നു; പെരിങ്ങൽക്കുത്ത് ഡാം ഗേറ്റ് തുറന്നു



