പന്നിയങ്കര ടോൾ പിരിവിനും യാത്ര ദുരിതത്തിനും പരിഹാരം; സൗജന്യ പാസ് നിബന്ധനകളിൽ ഇളവ്, സർവീസ് റോഡുകൾ ഉടൻ പൂർത്തിയാക്കും

​പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ അനധികൃത ടോൾ പിരിവും പ്രാദേശിക യാത്രാ തടസ്സങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗം ചേർന്നു. ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ, എം.എൽ.എമാരായ പി. പി. സുമോദ്, ടി. എം. ശശി, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, ടോൾ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
​പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന നിർണായക തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്:
​ടോൾ ഇളവും സൗജന്യ പാസും: ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാരുടെ പുതിയതും പഴകിയതുമായ വാഹനങ്ങൾക്ക് നിയമാനുസൃത സൗജന്യ പാസ് നൽകും. മൂന്ന് മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഓട്ടോകാർ (വെള്ളിമൂങ്ങ) വിഭാഗത്തിൽപെട്ട വാഹനങ്ങൾക്കും സാധാരണ ഓട്ടോറിക്ഷകൾക്ക് സമാനമായി സൗജന്യ പാസ് അനുവദിക്കും.
​സർവീസ് റോഡുകളും മേൽപ്പാലങ്ങളും: മംഗലം പാലം, ടോൾ പ്ലാസ പരിസരം എന്നിവിടങ്ങളിലെ സർവീസ് റോഡ് നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കും. വടക്കഞ്ചേരി മേൽപ്പാലത്തിലെ തകരാറുകൾ 15 ദിവസത്തിനകവും ആലത്തൂർ സ്വാതി ജംഗ്ഷൻ, വാണിയമ്പാറ മേൽപ്പാലങ്ങൾ ഡിസംബറിനകവും പൂർത്തിയാക്കും.
​സുരക്ഷാ ക്രമീകരണങ്ങൾ: അഞ്ചുമൂർത്തി മംഗലത്ത് സർവീസ് റോഡിൽ ബസ് ബേയും ബസ് സ്റ്റോപ്പും അടിയന്തരമായി സജ്ജമാക്കും. മംഗലം-കൊല്ലത്തറ ഭാഗത്ത് KSEB കണക്ഷനോടെ സ്ഥിരം തെരുവ് വിളക്കുകൾ സ്ഥാപിക്കും.
​മറ്റ് തീരുമാനങ്ങൾ: സ്വാതി ജംഗ്ഷനിലെ ഭൂരേഖകൾ പുനഃപരിശോധിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തും.
​പ്രഖ്യാപിച്ച തീരുമാനങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നും കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *