മെസ്സി വിവാദത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ല; ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമുണ്ടായിരിക്കാം — മന്ത്രി ജെനിഷ്

തിരുവനന്തപുരം: മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട് ആർബിസിഎസിനെ സ്പോൺസറാക്കിയതിൽ വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. മുൻകാലങ്ങളിൽ ഇത്തരം ഇവന്റുകൾ നടത്തിയ പരിചയമുള്ള കമ്പനികളെയാണോ ചുമതല ഏൽപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ പരിശോധന നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആദ്യ കത്തിടപാട് മുതൽ അവസാനഘട്ടം വരെ ആവശ്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നതാണ് ഫയലുകളിൽ വ്യക്തമാകുന്ന പ്രധാന അവ്യക്തതയെന്നും മന്ത്രി പറഞ്ഞു. പരിപാടി നടന്നതിന് ശേഷമുള്ള കാര്യങ്ങളിലും വ്യക്തതയില്ല. കരാറിലും ഇതുസംബന്ധിച്ച ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫയലുകൾ നിലവിൽ പരിശോധനയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദമുണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ സർക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തിപരമായ താൽപര്യങ്ങളല്ല, രാഷ്ട്രീയ താൽപര്യങ്ങളാണോ ഉണ്ടായിരുന്നതെന്നാണ് പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഐഎഎസ് തലപ്പത്തെ തർക്കങ്ങളാണ് അന്വേഷണത്തിന് പിന്നിലെന്ന വാദത്തിന് യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ ജോലി തട്ടിപ്പ് കേസ്
യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ ജോലി തട്ടിപ്പ് കേസിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് വിവാദത്തിലും നിലപാട് കടുപ്പിച്ച് മന്ത്രി
സീറ്റ് ബെൽറ്റ് ധരിക്കാതെ പേഴ്സണൽ സ്റ്റാഫ് അംഗം വാഹനം ഓടിച്ച സംഭവത്തിൽ നിയമലംഘനം നടത്തിയാൽ ആർക്കെതിരെയും നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് നിയമപ്രകാരം എന്ത് നടപടിയാണോ വേണ്ടത്, അത് സ്വീകരിക്കാം. നിയമലംഘനം ആര് നടത്തിയാലും ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *