‘പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം’; നിയമപരമായി നേരിടും: സനീഷ് കുമാർ ജോസഫ് എംഎൽഎ

ചാലക്കുടി: പട്ടയം അനുവദിക്കുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി തനിക്കെതിരെ നൽകിയ പരാതി അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്. പരാതിയിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയതാണെന്നും ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും എംഎൽഎ പറഞ്ഞു.

തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ മാതാവിന്റെ കൈവശമുള്ള മാടക്കത്തറ വില്ലേജിലെ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭ്യമാക്കാൻ 2012ൽ താൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നേരത്തെ വിജിലൻസ് അന്വേഷണം നടന്നത്. അന്ന് തനിക്കോ രാജേന്ദ്രനോ പരാതിയിൽ ആരോപിക്കുന്ന തരത്തിലുള്ള പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2010 മുതൽ 2015 വരെ തൃശൂർ ജില്ലാ പഞ്ചായത്തിലെ പൂത്തൂർ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന താൻ പട്ടയവുമായി ബന്ധപ്പെട്ട് ദേവേന്ദ്രനെയോ മറ്റാരെയെങ്കിലുമോ നേരിട്ടോ അല്ലാതെയോ സമീപിച്ചിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ വ്യക്തി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നതായും സനീഷ് കുമാർ ജോസഫ് പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ ആരോപണം ഉന്നയിച്ച് വിജിലൻസിൽ പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ച ശേഷമാണ് അന്ന് ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുശേഷം വീണ്ടും വിജിലൻസ് കോടതിയിൽ സ്വകാര്യ അന്യായം നൽകുകയാണുണ്ടായത്. തന്റെ ഭാഗം കേൾക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും എംഎൽഎ ആരോപിച്ചു. സുപ്രീംകോടതിയുടെ 2013ലെ അനിൽകുമാർ ആൻഡ് അതേഴ്സ് വേഴ്സസ് എം.കെ. അയ്യപ്പ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ കോടതി നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സനീഷ് കുമാർ ജോസഫ് അറിയിച്ചു.

പരാതിക്കാരന്റെ കുടുംബത്തിന് പട്ടയത്തിന് അർഹതയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എന്തുകൊണ്ട് പട്ടയം ലഭിച്ചില്ലെന്നും എംഎൽഎ ചോദിച്ചു. കുടുംബത്തിലെ രണ്ടുപേർ സൈനിക പെൻഷൻകാരായതുകൊണ്ടും കുടുംബത്തിന് മറ്റ് ഭൂമിയുണ്ടായതും പട്ടയത്തിനായി അപേക്ഷിച്ച ഭൂമി ഇറിഗേഷൻ കനാലിന്റെ ഭാഗമായതുമാണ് പട്ടയം ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയും വ്യക്തിപരമായ വിരോധത്തിന്റെ ഭാഗമായുമാണ് ആരോപണം ഉയർത്തിയതെന്ന് സനീഷ് കുമാർ ജോസഫ് ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും പരാതി നൽകിയവർക്കെതിരെയും മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *