മലയോര ഹൈവേ നിർമ്മാണം ഇഴയുന്നു. ചായ്പൻകുഴിയിൽ റോഡ് പണിക്ക് മെല്ലെപ്പോക്ക്; സ്കൂൾ മതിൽ നിർമ്മാണവും കാന പണിയും പൂർത്തിയായില്ല

ചായ്പൻകുഴി: മലയോര ഹൈവേ നിർമ്മാണം ഇഴയുന്നതായി നാട്ടുകാരുടെ പരാതി. ചായ്പൻകുഴി സർക്കാർ യു.പി. സ്കൂളിന് സമീപം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി.
നാല് മാസം മുമ്പ് ആരംഭിച്ച ചായ്പൻകുഴി സർക്കാർ യു.പി. സ്കൂളിന്റെ സംരക്ഷണ മതിൽ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. സ്കൂൾ പരിസരത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ വൈകുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കാന നിർമ്മാണവും മന്ദഗതിയിൽ

ചായ്പൻകുഴി സെന്ററിൽ നടക്കുന്ന കാന നിർമ്മാണവും വേഗത്തിൽ മുന്നോട്ട് പോകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയ്ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്.
അതേസമയം, ചായ്പൻകുഴി ജംഗ്ഷനിൽ കാന നിർമ്മാണത്തിനായി മണ്ണെടുത്തപ്പോൾ അതിരപ്പിള്ളി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി. പൈപ്പ് മാറ്റിസ്ഥാപിച്ച ശേഷമേ തുടർനിർമ്മാണം നടത്താനാകൂ. ഇതിന് ശേഷം കലുങ്ക് നിർമ്മാണവും പൂർത്തിയാക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യപ്പെടുന്നു

റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് ബന്ധപ്പെട്ട ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരമായി സ്ഥലത്ത് ഉണ്ടാകാത്തതും ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകാത്തതും നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
നിർമ്മാണത്തിലെ ഓരോ ഘട്ടവും കൃത്യമായി ഏകോപിപ്പിക്കുകയും സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുകയും ചെയ്താൽ മാത്രമേ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയൂവെന്നാണ് നാട്ടുകാരനായ ജോസ് കെ. എം. അഭിപ്രായപ്പെട്ടു.
മലയോര ഹൈവേ നിർമ്മാണം കൂടുതൽ വൈകാതെ പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ്പ്രദേശവാസികളുടെ ഇപ്പോഴത്തെ ആവശ്യം. കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *