ചാലക്കുടി: കോടശേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പീലാർമുഴി തെക്കുടൻ സുബ്രനും വൈശേരി പുല്ലേർക്കാട്ട് മോഹനനും സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചതായി ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരൻ അറിയിച്ചു.
വനം-വന്യജീവി-മനുഷ്യ സംഘർഷം ഒഴിവാക്കുന്നതിനായി വനം വകുപ്പ് സത്വര നടപടികൾ സ്വീകരിച്ചുവരുന്നതായും വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനായി ചെക്ക് ഡാമുകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും ഡി.എഫ്.ഒ വ്യക്തമാക്കി.
കാട്ടാന ആക്രമണം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.)യുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതിയുണ്ടെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പ് പ്രസിഡന്റ് കെ.എം. ജോസിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഡി.എഫ്.ഒ ഇക്കാര്യങ്ങൾ അറിയിച്ചത്.
ന്യൂസ് ഡെസ്ക് കേരളടൈംസ്





