കാട്ടുമൃഗത്തിന്റെ ആക്രമണത്തിൽ ആട് ചത്തു; പൊന്നാമ്പോളിയിൽ ഭീതിയിൽ നാട്ടുകാർ. പുലിയെന്ന് സംശയം; സാന്നിധ്യം സ്ഥിരീകരിക്കാൻ ക്യാമറ സ്ഥാപിക്കും — മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ചാലക്കുടി: കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൊന്നാമ്പോളി പ്രദേശത്ത് വളർത്തിയിരുന്ന ആടിനെ പുലിയെന്ന് സംശയിക്കുന്ന കാട്ടുമൃഗം കൊന്ന് വലിച്ചിഴച്ച് കൊണ്ടുപോയതായി പരാതി. തോട്ടിയിൽ പൗലോസിന്റെ വീട്ടുവളപ്പിലാണ് സംഭവം.
സംഭവമറിഞ്ഞതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, വൈസ് പ്രസിഡന്റ് എസ്തപ്പാനോസ്, വാർഡ് മെമ്പർ രജനി അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രവി തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥൻ ലിജേഷും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. ആടിന്റെ ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവുചെയ്തു.
പ്രദേശത്ത് പുലിയുടെയോ മറ്റേതെങ്കിലും കാട്ടുമൃഗത്തിന്റെയോ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി എത്രയും വേഗം ക്യാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കാട്ടുമൃഗത്തിന്റെ സാന്നിധ്യം സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ആശങ്കയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കൊപ്പം മനുഷ്യജീവനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാട്ടുമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പക്ഷം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് | കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *