കുട്ടനാടിന്റെ ഭാവി: ജലസംവിധാനവും കാലാവസ്ഥാ പ്രതിരോധശേഷിയും ചർച്ചയാകുന്നു‘കുട്ടനാട് വിഷൻ 2050’ സെമിനാർ 26ന് ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി: കുട്ടനാടിന്റെ ഭാവി വികസനം, ജലസംവിധാനങ്ങളുടെ പരിപാലനം, വെള്ളപ്പൊക്ക പ്രതിരോധം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവ ചർച്ച ചെയ്യുന്നതിനായി എസ്.ബി. കോളേജിലെ സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ‘കുട്ടനാട് വിഷൻ 2050’ സെമിനാർ സംഘടിപ്പിക്കും. സെപ്റ്റംബർ 26ന് ഉച്ചകഴിഞ്ഞ് കോളേജിലെ കർദിനാൾ പടിയറ ഹാളിലാണ് സെമിനാർ.
മന്ത്രി മോൻസ് ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്യും. എസ്.ബി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞുപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
‘കുട്ടനാടും അനുബന്ധ ജലാശയങ്ങളും: പരിസ്ഥിതി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടെടുപ്പിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക ചരിത്രകാരനുമായ പള്ളിക്കോണം രാജീവ് പ്രബന്ധം അവതരിപ്പിക്കും.

‘കുട്ടനാടിന്റെ ഭാവി വെല്ലുവിളികളും കാലാവസ്ഥാ പരിഷ്കരണ സാങ്കേതികവിദ്യകളുടെ സാധ്യതകളും’ എന്ന വിഷയത്തിൽ ഐ.ഐ.ടി. കാൺപൂർ മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ദീപു ഫിലിപ്പ് സംസാരിക്കും.

‘കുട്ടനാട്ടിലെ ജലനിയന്ത്രണ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വെള്ളപ്പൊക്ക പ്രതിരോധം’ എന്ന വിഷയത്തിൽ ചെങ്ങന്നൂർ ഹൈഡ്രോളജി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എസ്. പ്രസിദ് എൻ. എസ്. പ്രബന്ധം അവതരിപ്പിക്കും.

‘പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ കുട്ടനാടിനുള്ള സുസ്ഥിര പദ്ധതി’ എന്ന വിഷയത്തിൽ സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറും എസ്.ബി. കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റൂബിൻ ഫിലിപ്പ് സംസാരിക്കും.
കുട്ടനാട്ടിലെ ജലസംവിധാനവും വെള്ളപ്പൊക്കവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുക, നദികളുടെയും കായലുകളുടെയും പരിപാലനം ശക്തിപ്പെടുത്തുക, കൃഷി, മത്സ്യബന്ധനം, ജനവാസം എന്നിവയുടെ സുസ്ഥിരത ഉറപ്പാക്കുക, പുനഃസ്ഥാപിക്കേണ്ട പാരിസ്ഥിതിക പ്രവർത്തനങ്ങൾ കണ്ടെത്തുക, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ശാസ്ത്രീയ അറിവിനൊപ്പം കുട്ടനാടിന്റെ പ്രാദേശിക അറിവും ചരിത്രവും പ്രയോജനപ്പെടുത്തി പ്രദേശത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭാവി വികസനത്തിന് ദിശാബോധം നൽകുകയും ചെയ്യുക എന്നതും സെമിനാർ ലക്ഷ്യമിടുന്നു.
പ്രോഗ്രാം ഓഫീസർ ഡോ. വി.ജി. നിഖിൽ വർഗീസ് കണ്ണമ്പള്ളി, ജോസ് വെങ്ങാന്ത്ര, ജയ് ചാക്കോ എന്നിവർ നേതൃത്വം നൽകും.

ന്യൂസ്‌ ഡസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *