കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം; ചാവക്കാട് കെഎസ്ഇബി ഓഫീസിൽ സംഘർഷം.

കരാർ ജീവനക്കാരനെയും പരാതിയുമായി എത്തിയ ഉപഭോക്താവിനെയും മർദ്ദിച്ചതായി പരാതി;
പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

ചാവക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായതിനെച്ചൊല്ലി ചാവക്കാട് മണത്തല കെഎസ്ഇബി ഓഫീസിൽ സംഘർഷമുണ്ടായതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം.
ശക്തമായ കാറ്റിൽ തിരുവത്ര, തൊട്ടാപ്പ്, കാട്ടിലെപ്പള്ളി, അഴിമുഖം ഉൾപ്പെടെയുള്ള ചാവക്കാട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങളും തെങ്ങുകളും കടപുഴകി വീണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ കെഎസ്ഇബി ഓഫീസിലെത്തിയത്.
നാലാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഇരുപതോളം പേർ ഓഫീസിലെത്തിയതായാണ് പരാതി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉമൈർ എന്ന കരാർ ജീവനക്കാരനെയും, പരാതി പറയാനെത്തിയ ഒരു ഉപഭോക്താവിനെയും മർദ്ദിച്ചതായി ആരോപണമുണ്ട്. ഇരുവരോടും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

ശക്തമായ കാറ്റിലും മരങ്ങൾ വീണും വൈദ്യുതി ലൈനുകൾ തകരാറിലായതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നും, പ്രകൃതിദുരന്തത്തെ തുടർന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ജീവനക്കാർ വിശദീകരിച്ചതായി പറയുന്നു. എന്നാൽ ഇതേച്ചൊല്ലി വാക്കുതർക്കം രൂക്ഷമായതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് KSEB പരാതി നൽകിയിട്ടുണ്ട്, മർദ്ദനമേറ്റ ജീവനക്കാരൻ താലൂക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിന് നേതൃത്വം നൽകിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പ്രകൃതിദുരന്തത്തെ തുടർന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾക്കിടെ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന ഇത്തരം സംഘർഷങ്ങൾ സംബന്ധിച്ച് കെഎസ്ഇബി അധികൃതർ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ന്യൂസ്‌ ഡസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *