കേച്ചേരി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരി സെന്ററിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ധർണ ഉദ്ഘാടനം ചെയ്ത ഡോ. ഷാജു കാവുങ്ങൽ, വോട്ടർപട്ടിക പുതുക്കലിന്റെ പേരിൽ അർഹരായ പൗരന്മാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. വോട്ടവകാശം സംരക്ഷിക്കുക, വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കുക, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷത നിലനിർത്തുക എന്നിവ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണലൂർ നിയോജകമണ്ഡലം ആം ആദ്മി പാർട്ടി പ്രസിഡന്റ് ജിമ്മി ജോൺ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ ജനാധിപത്യ സംരക്ഷണത്തിനായി നടക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് ധർണ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ജനാധിപത്യത്തിൽ ഓരോ പൗരന്റെയും വോട്ടിന് തുല്യപ്രാധാന്യമാണുള്ളതെന്നും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവത്തോടെ പരിശോധിച്ച് അർഹരായ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ച സതീഷ് ഗുരുവായൂർ, റോയി പുറനാട്ടുകര, രാജീവ് കെ.എസ്.,
ഇക്ബാൽ കേച്ചേരി,
നുറുദ്ദീൻ പി.എം. എന്നിവർ ആവശ്യപ്പെട്ടു.
പരിപാടിയുടെ ഭാഗമായി ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി വിലങ്ങണിയിച്ച നിലയിൽ പ്രദർശിപ്പിച്ചു. ലീന റോയ്, ബാബുരാജ് കെ.വി., ജോൺസൺ പി.ടി., ഷാജി എം.വി., ജോസഫ് ടി.ഡി., രാജീവ് വി.സി., ജോൺസൺ ഐനിക്കൽ, ഇട്ടൂപ്പ് പനക്കൽ എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു



