
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കോടതി ഉത്തരവിനെത്തുടർന്ന് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ ചോദ്യം ചെയ്യൽ.
കഴിഞ്ഞ ജൂൺ 17-ന് നടന്ന എട്ട് മണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ, വീണയുടെ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ലോക്കറിൽ ഇ.ഡി വിശദമായ പരിശോധന നടത്തിയിരുന്നു.
ഐടി സേവനങ്ങളുടെ പേരിൽ സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ 2.78 കോടി രൂപയുടെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ‘എംപവർ ഇന്ത്യ’ എന്ന സ്ഥാപനം വഴി 2015-ലും 2016-ലുമായി 25 ലക്ഷം രൂപ വീതം (ആകെ 50 ലക്ഷം) എക്സാലോജിക്കിന് വായ്പ നൽകിയതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്. ആദ്യ വായ്പ തിരിച്ചടയ്ക്കാതെയാണ് രണ്ടാമതും പണം നൽകിയത്. ഈ തുകയുടെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി ഇപ്പോൾ വിശദമായി ചോദിച്ചറിയുന്നത്.



