പറവൂർ: പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസിന്റെ വാർഷികാഘോഷം ‘തേജസ്വിനി 2026’ സെന്റ് തോമസ് കോട്ടയ്ക്കാവ്, പറവൂരിൽ പ്രൗഢഗംഭീരമായി നടന്നു. ആഘോഷത്തിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറ് കണക്കിന് അമ്മമാർ പങ്കെടുത്തു.
രാവിലെ 9.30ന് എൻ. പറവൂർ ഇൻഫന്റ് ജീസസ് കോൺവെന്റിലെ മദർ സുപ്പീരിയർ റവ. മദർ ജോസ്മി മരിയ സി.എം.സി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ‘ഇന്നത്തെ സ്ത്രീകളുടെ നിശബ്ദ പോരാട്ടങ്ങൾ’ എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കർ ബിജി ജോസ് തൈപ്പറമ്പിൽ ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം പ്രെസ്ബിറ്റീരിയം കൗൺസിൽ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജെയ്നി സാം രാജ് സ്വാഗതവും സെക്രട്ടറി സിനി സാജു വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. അതിരൂപത അനിമേറ്റർ റവ. സി. ലീമ റോസ് സി.എം.സി മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് അഡ്വ. മോളി ബോബൻ, ഫൊറോന അനിമേറ്റർ റവ. സി. നിമ്മി മരിയ സി.എം.സി, ട്രസ്റ്റിമാരായ ബിനോയ് സ്രാമ്പിക്കൽ, ജോയ് മാഞ്ഞുരാൻ, വൈസ് ചെയർമാൻ റോയ് മോൻ ആലപ്പാട്ട്, വൈസ് പ്രസിഡന്റ് സ്വപ്ന പോൾ, ജോയിന്റ് സെക്രട്ടറി റോജി ജോഷി എന്നിവർ ആശംസകൾ നേർന്നു.
ക്രിക്കറ്റ് മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയ ഫാ. മനു ആക്കനത്തിനെ ഏകം ടീമിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഉച്ചയ്ക്ക് ഫാ. മനു ആക്കനത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഫണ്ണി ഗെയിംസും വിവിധ വിനോദപരിപാടികളും സംഘടിപ്പിച്ചു. മൂന്ന് ഭാഗ്യവതികളെയും തിരഞ്ഞെടുത്തു.
ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച ഇടവകകൾക്കും മികച്ച രീതിയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച നാല് പള്ളികൾക്കും സമ്മാനങ്ങൾ നൽകി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വാർഷികാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹസമ്മാനവും നൽകി.
വൈകുന്നേരത്തോടെ വിവിധ പരിപാടികളോടെ ‘തേജസ്വിനി 2026’ സമാപിച്ചു.
പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസ് വാർഷികാഘോഷം ‘തേജസ്വിനി 2026’ പ്രൗഢഗംഭീരമായി




