ചാലക്കുടി: കായികപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചാലക്കുടി ഹൈസ്കൂൾ മൈതാനം പുനർനിർമ്മിക്കുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് ഗ്രൗണ്ട് രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. നിലവിൽ ലഭ്യമായ സ്ഥലത്താണ് ഫുട്ബോൾ, വോളിബോൾ മത്സരങ്ങൾ നടന്നുവരുന്നത്.
മൈതാനത്തോടു ചേർന്നു കിടക്കുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റി സ്ഥലം നിരപ്പാക്കിയാണ് വിസ്തൃതി വർദ്ധിപ്പിക്കുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കൂടാതെ, ദേശീയപാത വികസനത്തെത്തുടർന്ന് സ്കൂളിൽ നിന്നും മാറി നിർമ്മിച്ച പുതിയ മൈതാനത്ത് 5 കോടി രൂപ ചെലവഴിച്ചുള്ള ടർഫിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.വി. പോൾ, കൗൺസിലർമാരായ ഷിബു വാലപ്പൻ, വി.ജെ. ജോജി, ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കുംതല, ലിജി ജോജി, ഷിഫ സന്തോഷ്, പി ടി എ പ്രതിനിധി ഷൈബു, ഓൾഡ് സ്റ്റുഡന്റ് ജോഷി പുത്തിരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ചാലക്കുടി ഹൈസ്കൂൾ മൈതാനത്തിന് പുതുജീവൻ, പുന:ർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു




