വി.കെ. ശ്രീധരൻ
പതിനെട്ടാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായ മാവേലി ചരിതം എന്ന ഓണപ്പാട്ട് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വ്യാപകമാകുന്നത്. ഏവരുടേയും നാവിൻ തുമ്പിലുള്ള ‘മാവേലി നാടുവാണീടും കാലം’ എന്നാണ് ഇതിന്റെ തുടക്കം. തൃക്കാക്കരയിലെ രാജസന്നിധിയിൽ വെച്ചായിരുന്നു ആദ്യകാലത്ത് ഓണാഘോഷം. പ്രായമായവർക്കും കുട്ടികൾക്കും അത് പ്രയാസകരമായതിനാൽ രാജാവിന്റെ നിർദ്ദേശാനുസരണമായിരുന്നു വീടുകളിൽ ഓണം ആഘോഷിച്ചു തുടങ്ങിയത്. മാവേലി മണ്ണുപേക്ഷിച്ചുപോയതിനാൽ ഓണം നിലച്ചുപോയത് പ്രജകളെ ദു:ഖത്തിലാഴ്ത്തി. അവരുടെ അഭ്യർത്ഥന മാനിച്ച് മാധവൻ (മാതേവൻ, മഹാദേവൻ) തിരുവോണത്തിന് മാവേലിയോടൊത്ത് നാട്ടിൽവന്ന് ഓണാഘോഷത്തിൽ പങ്കുചേർന്ന് തിരിച്ചുപോകുന്നതായി പാട്ടിൽ പറയുന്നുണ്ട്. അങ്ങനെയാണ് വിപുലമായ ഓണാഘോഷം പുനരാരംഭിച്ചത്.
ഓണത്തെ അടയാളപ്പെടുത്താൻ പ്രചുര പ്രചാരമായ ഒരു പ്രതീകമാണ് മാവേലി. ബാല്യ-കൗമാര-വാർധക്യം വരെ അത്രമേൽ ജനപ്രിയം. മാവേലി ചരിതത്തിലെ എട്ടുപാഠങ്ങളിലൊന്നിൽ ഒരു ഉണ്ണിവന്ന് മൂന്നടി മണ്ണ് ചോദിച്ചതിനാലാണ് മണ്ണുപേക്ഷിച്ച് മാവേലി വിടവാങ്ങുന്നതെന്ന് കാണുന്നു.
കേരളത്തിൽ ഓണം പലവിധത്തിൽ കൊണ്ടാടിയിരുന്നെങ്കിലും അതിലെല്ലാം സാമ്യത പ്രതിഫലിപ്പിക്കുന്നതാണ് ഇനി പറയുന്ന വരികൾ.
മാനുഷരെല്ലാരുമൊന്നുപോലെ…..
ഭൂലോകമൊക്കെയുമൊന്നുപോലെ…..
ഓണങ്ങളൊക്കെയുമൊന്നുപോലെ…..
കേരള സർക്കാർ നിയോഗിച്ച നരവംശ ശാസ്ത്രജ്ഞർ 1961 ൽ നടത്തിയ സർവ്വേ പ്രകാരം തിരുവതാംകൂറിലെ തെക്കൻ ഭാഗങ്ങളിലും വടക്കേ മലബാറിലും മാവേലിയനുഷ്ഠാനങ്ങൾ ദൃശ്യമായിരുന്നില്ല. ഈഴവർ, നായർ, നമ്പൂതിരി കുടുംബങ്ങളിലെ ചടങ്ങുകളിലാണ് മാതേവർ പേരുകൾ കണ്ടുവരുന്നതെന്ന് സർവ്വേ ഫലം. തദ്ദേശീയവും സാമൂഹികവുമായ വൈവിധ്യത്തോടെ ഓണം നാട്ടുത്സവമായി ആചരിക്കാൻ കീഴാള വിഭാഗങ്ങളും സ്ത്രീകളും കുട്ടികളും സ്വതന്ത്രമായി ശ്രമിച്ചിരുന്നു. മാവേലി, മാതേവർ, തൃക്കേക്കാരയപ്പൻ, ഓണത്തപ്പൻ എന്നിവക്കു പുറമെയാണ് മലയരുടെ ഓണേശ്വരൻ (ഓണപ്പൊട്ടൻ), ഓണത്താർ തെയ്യം, കുറിച്യരുടെ മാവൊതി (മരമായ പാട്ട്), മാവേലിയാം കുയിലനാശാരി (പുലയരുടെ പാട്ടുകൾ), വള്ളുവനാട്ടിലെ മാതേവര് തമ്പുരാൻ, പാക്കനാർ പാട്ടിലെ മാവേലി, കുട്ടനാട്ടിലെ വേലരുടെ നല്ലച്ചൻ മാവുലി (മലമയുടെ കഥ) തുടങ്ങിയ നാമധേയങ്ങൾ. ഇന്നത്തെ വടകര ഉൾപ്പെടുന്ന പ്രദേശമായിരുന്ന കടത്തനാട്ടിൽ മലയ സമുദായക്കാർ തെയ്യംകെട്ടി വീടുകൾ കയറിയിറങ്ങുന്നതാണ് ഓണപ്പൊട്ടൻ. മഹാബലിയുടെ പ്രതിപുരുഷനാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓണത്താർ തെയ്യം മഹാബലിയുമായി ബന്ധപ്പെട്ട ഒരു നാട്ടുദൈവം. ഉത്തര മലബാറിൽ വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ഇത് കെട്ടിയാടുന്നത്. എങ്കിലും മാവേലിമാരെല്ലാം ഒരു കാരണവരോ നല്ലച്ചനോ നാടുവാഴിയോ എന്നതിനാലാണ് ഏകതാനത. സങ്കല്പത്തിൽ മാത്രമല്ല രൂപഭാവങ്ങളിലും മഹാബലി ഓരോയിടത്തും വേറിട്ടുനില്ക്കുന്നു.
ഓണം കൊള്ളാനുള്ള മാവേലിയുടെ ആകൃതിയെ വ്യതിരിക്തമായാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എൻ.വി. കൃഷ്ണവാര്യർ ഇതിനെ സാരൂപ്യപ്പെടുത്തുന്നത് (1953) മൊസൊപൊട്ടേമിയൻ ക്ഷേത്രാവശിഷ്ടമായ സിഗുറാറ്റുമായി. ഈജിപ്തിലെ പിരമിഡുമായിട്ടാണ് ചിലരുടെ താരതമ്യം. കെ.ടി. രവിവർമ്മ (2001) മണ്ണത്തപ്പനെ സാമ്യപ്പെടുത്തുന്നത് മഹാശില കാലഘട്ടത്തിലെ കുടകല്ല്, നടുകല്ല് എന്നിവയോടാണ്. കാരണവർ പൂജയായി അദ്ദേഹം ഇതിനെ സൂചിപ്പിക്കുന്നുണ്ട്. പച്ചമണ്ണ് കുഴച്ച് ഉരുളയാക്കിയോ ലിംഗാകൃതിയിലോ നാലുകോണായി മുകളിലേക്ക് കൂർത്തുവരുന്ന രൂപങ്ങളോ ആയിട്ടാണ് മാവേലിയെ ഉണ്ടാക്കുന്നതെന്നാണ് പാട്ടുകളിലെ പ്രതിപാദ്യം. എന്നാൽ എല്ലായിടത്തും തൃക്കാക്കരപ്പനെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് 1934 ൽ എം.എൻ. പിഷാരടിയും 1954 ൽ സി.ആർ. നാരായണനും പറയുന്നു. ഉത്രാട സന്ധ്യക്ക് വടക്കേമലബാറുകാർ പൂവിട്ടിരിക്കുന്നതിന്റെ മധ്യത്തിൽ കത്തിച്ചുവെക്കുന്നത് നിലവിളക്കാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാമായണഫെസ്റ്റിന്റെ ഓണാഘോഷത്തിൽ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ സ്ഥാപിച്ചത് 30 അടി ഉയരമുള്ള തൃക്കാക്കരയപ്പൻ.
ഏറെ വിപുലമാണ് മാവേലിയുടെ വരയിലും വർണ്ണനയിലുമുണ്ടായ അന്തരങ്ങൾ. സംഘകാലത്ത്, തമിഴകത്തെ ചരിത്രപരമായ ഹൈന്ദവ ഉത്സവമായിരുന്നു ഓണം. ഐന്തിണകളിലെ മരുതം പ്രദേശത്തെ ദേവതയായ ദേവേന്ദ്രന്റെ ബഹുമാനാർത്ഥമായിരുന്നു ആചരണം. ഇന്ദ്രവിള അഥവാ ഇന്ദ്രവിഴ എന്നപേരിൽ. ഐരാവതത്തിന്റെ പുറത്തിരിക്കുന്ന ദേവേന്ദ്രന്റെ ചിത്രങ്ങളും ശില്പങ്ങളുമുണ്ട്. മഹാബലിയും വാമനനും വന്നുവെന്നുപറയപ്പെടുന്ന ബേലൂർ കേശവക്ഷേത്രത്തിൽ സർവ്വാഭരണ ഭൂഷിതനായ മഹാബലി വാമനന് കിണ്ടിയിൽ വെള്ളം കൊടുക്കുന്നതാണ് ശില്പം മാവേലിക്ക് കിരീടം, വാമനന് ഓലക്കുട. ധരിച്ചിരിക്കുന്നത് കൗപീനം. സമകാലീന മലയാളിയുടെ മനസ്സ് വായിക്കാൻ മാവേലിയുടെ മാറ്റങ്ങൾ മതി. ഉത്രാട ഉച്ചക്ക് ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഭയചകിതനായ മഹാബലി. തെരുവുനായ്ക്കളെ പേടിച്ചോടുമ്പോൾ റോഡിലെ കുണ്ടിലും കുഴിയിലും വീഴുന്നു. പട്ടി പിടിക്കാതിരിക്കാൻ മരത്തിൽ കയറുന്നതാണ് ഹൈലൈറ്റ്. മറ്റൊരു ട്രോളിൽ പൊയ്ക്കാലുകളിൽ സഞ്ചരിക്കുന്ന മാതേവർ. എല്ലാവരും മൊബൈലിൽ നോക്കി കുമ്പിട്ടിരിക്കുന്നതിനാൽ, ദർശനം നല്കാനാകാതെ ഖിന്നനാകുന്ന മാവേലിയാണ് ഇനിയുമൊന്നിൽ.
ഗുഹാചിത്രങ്ങൾ, ശില്പങ്ങൾ, ചുമർചിത്രങ്ങൾ, ആനുകാലികങ്ങൾ, കലണ്ടറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയവയിലെല്ലാം മാവേലിയുടെ വൈജാത്യങ്ങൾ ദർശിക്കാം.
ഡിജിറ്റൽ, എ.ഐ. കാലഘട്ടമായതോടെ ചിത്രം മെനയൽ അനായാസകരമായി. ചക്രവർത്തിയായ മഹാബലിയുടെ കിരീടം മാറി കുടയായി; കുടവയറും പൂണൂലുമായി. ഓണവിപണിയുടെ പ്രചാരണ ചിഹ്നമായി (Promotional Icon) തീർന്നു. വാമനരൂപത്തിലും പരിണാമങ്ങൾ പതിവായി. കാർട്ടൂണുകളും കാരിക്കേച്ചറുകളും മഹാബലിയെ കോമാളിയാക്കി. ഒരു ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി അവധി ദിവസം ജോലിതീർക്കാനെത്തിയത് മഹാബലിയുടെ വേഷത്തിൽ. കലാലയത്തിലെ (കരിഷ്മ-charisma) ആകർഷണീയതക്കുള്ള അടയാളമായും മാവേലി പരിണമിക്കുന്നു. ഏറ്റവുമൊടുവിൽ സൂപ്പർമാൻ, സ്‌പൈഡർമാന്റെ വേഷത്തിലും. നിർമ്മിതബുദ്ധിയിലുതിരുന്ന മാവേലിയുടെ രൂപമാറ്റത്തിൽ നിർന്നിമേഷരായി നിന്നുപോകും നാം. അതുകൊണ്ട് നന്മയുടെ പര്യായമായ മഹാബലിയുടെ വൈരൂപ്യ-വൈരുധ്യങ്ങൾക്കെതിരെ പൈതൃകം കാക്കാൻ മാലോകരെ ജാഗ്രതപ്പെടുത്തേണ്ട
തുണ്ട്.




