പറവൂർ: ദേശീയപാത 66-ൽ മൂത്തകുന്നം കവലയിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദിയായ ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആവശ്യം നേടിയെടുക്കുന്നതിനായി ജനകീയ സമരപരിപാടികൾക്കൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളം–തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ മൂത്തകുന്നത്ത് മുപ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നിരവധി തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പ്രവേശനകവാടം കൂടിയാണ് മൂത്തകുന്നം. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ക്ഷേത്രം, വിശുദ്ധ തോമാശ്ലീഹാ വന്നിറങ്ങിയതായി വിശ്വസിക്കപ്പെടുന്ന മാല്യങ്കര, ‘കിഴക്കിന്റെ പാദുവ’ എന്നറിയപ്പെടുന്ന ചെട്ടിക്കാട് തീർഥാടന കേന്ദ്രം, കൊട്ടുവള്ളിക്കാട് ഭഗവതി ക്ഷേത്രം, പള്ളിപ്പുറം പള്ളി എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി വിശ്വാസികളാണ് മൂത്തകുന്നം വഴി സഞ്ചരിക്കുന്നത്.
ചരിത്രപ്രാധാന്യമുള്ള പള്ളിപ്പുറം കോട്ട, സഹോദരൻ സ്മാരകം തുടങ്ങിയ മുസിരിസ് പൈതൃക കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. വൈപ്പിൻ–മുനമ്പം സംസ്ഥാനപാതയിലൂടെ എത്തുന്ന വാഹനങ്ങൾക്കും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽനിന്നുള്ള വാഹനങ്ങൾക്കും വൈപ്പിൻ–മുനമ്പം ഹാർബറുകളിൽനിന്നുള്ള വാഹനങ്ങൾക്കും ദേശീയപാത 66-ലേക്ക് പ്രവേശിക്കാനുള്ള പ്രധാന കേന്ദ്രം കൂടിയാണ് മൂത്തകുന്നം.
മൂത്തകുന്നം എച്ച്.എം.ഡി.പി സഭയ്ക്ക് ദേശീയപാത അധികൃതരിൽനിന്ന് ലഭിച്ച രേഖയിലൂടെയാണ് മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും അനുവദിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ഇതേത്തുടർന്നാണ് പ്രദേശത്തെ സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനാ പ്രവർത്തകർ യോഗം ചേർന്ന് ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
ജനപ്രതിനിധികൾ, പൗരപ്രമുഖർ, സാമുദായിക, സാംസ്കാരിക, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്. മൂത്തകുന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഒപ്പിട്ട ഭീമഹർജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആവശ്യമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഷിജിത് മനോഹർ, സാം കെ.എം., എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് കെ.വി. ആനന്ദൻ മാസ്റ്റർ, ചെട്ടിക്കാട് പള്ളി വികാരി റവ. ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, എച്ച്.എം.വൈ സഭാ സെക്രട്ടറി ഹരീഷ് കുമാർ, എം.ഡി. മധുലാൽ, ദീപുലാൽ വി.ഡി. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും വേണം; ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്



