തിരുവനന്തപുരം: തെക്കൻ സിക്കിമിലെ നാംചി ജില്ലയിലെ സമർഡുങ് പ്രദേശത്ത് നിർമാണത്തിലിരുന്ന തുരങ്കത്തിൽ ജൂലൈ 20-ന് ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം നാളെ ജന്മനാടായ കോട്ടയത്ത് എത്തിക്കും.
സിക്കിമിൽ നിന്ന് റോഡ് മാർഗം കൊൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ എംബാം ചെയ്തു. തെക്കൻ കൊൽക്കത്തയിലെ പീസ് വേൾഡ് ഫെസിലിറ്റിയിലായിരുന്നു എംബാമിങ് നടപടികൾ പൂർത്തിയാക്കിയത്.
വെള്ളിയാഴ്ച്ച രാത്രി 11 മണിക്ക് കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ശനിയാഴ്ച്ച രാവിലെ 7.05-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടിയിലെ അനീഷിന്റെ വസതിയിലേക്ക് കൊണ്ടുപോകും. അനീഷിന്റെ ബന്ധുക്കളും മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.
വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമായി ദുരന്തങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന നോർക്ക റൂട്ട്സാണ് അനീഷ് മോഹന്റെ മൃതദേഹം സിക്കിമിൽ നിന്ന് കേരളത്തിലെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നത്



