തൃശൂർ: അത്യപൂർവവും അതീവ സങ്കീർണ്ണവുമായ സ്പൈനൽ ശസ്ത്രക്രിയ വിജയകരമായി നടത്തി 30 വയസ്സുകാരിയായ യുവതിയെ സ്ഥിരമായ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തി തൃശൂരിലെ അമല മെഡിക്കൽ കോളേജ് ആശുപത്രി.
കഴുത്തിലെ സ്പൈനൽ കോർഡിനെ ചുറ്റിപ്പറ്റിയ സംരക്ഷണ പാളികളിൽ അപൂർവമായി ഉണ്ടാകുന്ന സ്പോണ്ടേയ്നിയസ് സർവൈക്കൽ സ്പൈനൽ സബ്ഡ്യൂറൽ ഹെമറ്റോമ (Spontaneous Cervical Spinal Subdural Hematoma) മൂലമാണ് യുവതിക്ക് കൈകാലുകളിലെ ശക്തി അതിവേഗം നഷ്ടപ്പെടാൻ തുടങ്ങിയത്. അടിയന്തരമായി ആശുപത്രിയിലെത്തിച്ച രോഗിയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ എം.ആർ.ഐ.യിൽ C3 മുതൽ C5 വരെ സ്പൈനൽ കോർഡിനെ സമ്മർദത്തിലാക്കുന്ന രക്തസ്രാവം കണ്ടെത്തി.
സാധാരണയായി സ്പൈനൽ കോർഡിന് പുറത്തുള്ള സ്പൈനൽ എപ്പിഡ്യൂറൽ ഹെമറ്റോമ ആണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ സ്പൈനൽ കോർഡിന്റെ സംരക്ഷണ പാളികൾക്കുള്ളിൽ ഉണ്ടാകുന്ന സ്പൈനൽ സബ്ഡ്യൂറൽ ഹെമറ്റോമ അത്യപൂർവവും ജീവൻ പോലും അപകടത്തിലാക്കാൻ സാധ്യതയുള്ളതുമായ അവസ്ഥയാണ്.
സമയോചിതമായ ചികിത്സ ലഭിക്കാതിരുന്നാൽ സ്ഥിരമായ കൈകാലുകളുടെ പക്ഷാഘാതം, ശ്വാസകോശ പ്രവർത്തനം തകരുക, മലമൂത്ര നിയന്ത്രണം നഷ്ടപ്പെടുക, മരണം വരെ സംഭവിക്കാവുന്ന ഗുരുതര സാഹചര്യമായിരുന്നു രോഗിയുടേത്.
രോഗിക്ക് സിസ്റ്റമിക് ലൂപസ് എരിതമാറ്റോസസ് (SLE) എന്ന ഓട്ടോഇമ്യൂൺ രോഗം ഉണ്ടായിരുന്നതിനാൽ രക്തം കട്ടപിടിക്കുന്നതിലെ അസാധാരണതകളും രക്തസംബന്ധമായ സങ്കീർണ്ണതകളും ചികിത്സയെ കൂടുതൽ വെല്ലുവിളിയാക്കി. ഇതിനിടെ രോഗിയുടെ നാഡീപ്രവർത്തനം അതിവേഗം മോശമാവുകയും ഇടത് കൈകാലുകളുടെ ചലനം പൂർണമായും നഷ്ടപ്പെടുകയും വലത് കൈകാലുകളിലും ശക്തമായ ബലക്ഷയം അനുഭവപ്പെടുകയും ചെയ്തു.
തുടർന്ന് ന്യൂറോസർജൻ ഡോ. ദിലീപ് രാജശേഖരന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ സബ്ഡ്യൂറൽ ഹെമറ്റോമ സ്ഥിരീകരിക്കുകയും അതിസൂക്ഷ്മമായ മൈക്രോസർജിക്കൽ ഡിസെക്ഷൻ വഴി സ്പൈനൽ കോർഡിനുമേലുള്ള സമ്മർദം വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മികച്ച രീതിയിൽ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
ന്യൂറോസർജറി വിഭാഗത്തിലെ ഡോ. ദിലീപ് രാജശേഖരൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. അഭിഷേക്, റേഡിയോളജി വിഭാഗത്തിലെ ഡോ. ജിജോ ജോസഫ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. ജൂലി പി. ബേബി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ ഡോ. വിനു വിപിൻ, ഹീമറ്റോളജി വിഭാഗത്തിലെ ഡോ. കെ. ആർ. ജഗൻ, ഇൻറൻസീവ് കെയർ വിഭാഗം എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ചികിത്സയുടെ വിജയത്തിന് നിർണായകമായത്.
ഈ അപൂർവ ചികിത്സാവിജയം അടിയന്തര രോഗനിർണയം, വിവിധ വിഭാഗങ്ങളുടെ ഏകോപിത ഇടപെടൽ, സമയബന്ധിത ശസ്ത്രക്രിയ എന്നിവയുടെ പ്രാധാന്യം ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് – കേരള ടൈംസ്





