പയ്യന്നൂർ: ട്രെയിനിൽ കയറാതെ തന്നെ റെയിൽവേ കോച്ചിന്റെ അന്തരീക്ഷത്തിലിരുന്ന് ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാൻ പയ്യന്നൂരിൽ അവസരമൊരുങ്ങുന്നു. കേരളത്തിലെ ആദ്യ റെയിൽ കോച്ച് റസ്റ്റോറന്റായ ‘ജുജു എക്സ്പ്രസ്സ്’ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തനം ആരംഭിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ (ഡി.ആർ.എം) മധുകർ റൊട്ടേ റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ വ്യത്യസ്തമായ ഭക്ഷണാനുഭവം പകരുക എന്ന ലക്ഷ്യത്തോടെയാണ് പഴയ റെയിൽവേ കോച്ച് അത്യാധുനിക രീതിയിൽ രൂപമാറ്റം വരുത്തി റസ്റ്റോറന്റാക്കി മാറ്റിയിരിക്കുന്നത്. തൊണ്ണൂറോളം വൈവിധ്യമാർന്ന രുചിക്കൂട്ടുകളാണ് ഇവിടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. സാധാരണ ട്രെയിൻ യാത്രയ്ക്കിടെ ലഭിക്കുന്ന ഭക്ഷണാനുഭവങ്ങളിൽ നിന്ന് മാറി, പയ്യന്നൂരിന്റെ ഭക്ഷണ ഭൂപടത്തിൽ വേറിട്ടൊരു ആകർഷണമായി ‘ജുജു എക്സ്പ്രസ്സ്’ മാറും.
60 രൂപയുടെ മീൻകറി ഊണ്‍ മുതല്‍ 580 രൂപയുടെ അല്‍ഫാം വരെ; 90 വിഭവങ്ങളുമായി കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് റസ്റ്ററന്റ് പയ്യന്നൂരില്‍.





