വടക്കാഞ്ചേരിയിൽ ഓണക്കാലത്തെ തെരുവോര കച്ചവടം നിരോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

​വടക്കാഞ്ചേരി: ഓണവിപണി ലക്ഷ്യമാക്കി നടത്തുന്ന അനധികൃത തെരുവോര കച്ചവടങ്ങൾ പൂർണ്ണമായും നിരോധിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സീസൺ വ്യാപാരങ്ങളെ ആശ്രയിച്ച് കഴിയുന്ന പരമ്പരാഗത ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഇത്തരം കച്ചവടങ്ങൾ തടയണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ചെറുകിട സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നടത്തുന്ന അനാവശ്യ പരിശോധനകളിലും കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിസാര സാങ്കേതിക തടസ്സങ്ങളുടെ പേരിൽ വ്യാപാരികളെ പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരുമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഖജനാവിലേക്ക് ലക്ഷക്കണക്കിന് രൂപ നികുതി ഇനത്തിൽ അടയ്ക്കുന്ന വ്യാപാരി സമൂഹത്തെ സംരക്ഷിക്കാനും ചേർത്തുപിടിക്കാനും സർക്കാർ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.പി. ജോണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അജിത് കുമാർ മലയ്യ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി സതീഷ്, ബിന്ദു വർഗീസ്, പി.പി. ജോസ്, പി.ആർ. സുഭാഷ്, ജോസ് തോമസ്, സുബ്രഹ്മണ്യൻ, സോണി സി. ജോർജ്, ടി.വി. ജോസ് എന്നിവർ പ്രസംഗിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി.പി. ജോണി (ചെയർമാൻ), അജിത് കുമാർ മല്ലയ്യ (ജനറൽ കൺവീനർ), ടി.ഡി. വിത്സൻ (ട്രഷറർ) എന്നിവരെ കൺവെൻഷനിൽ തിരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *