
തൃശൂർ: കവിത പ്രദാനം ചെയ്യുന്നത് അലൗകിക ആനന്ദമാണെന്നും എന്നാൽ പുതിയ കവിതകളിൽ പലതിലും ദുർഗ്രഹതയാണ് കൂടുതലെന്നും കവി രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു. ‘തൃശൂർ എഴുത്തുകൂട്ട’ത്തിന്റെ ആഭിമുഖ്യത്തിൽ ‘ദയ’ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘കവിതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരിമ്പിന്റെ മാധുര്യം പോലെയാണ് കവിതയെന്നും കവിയശസ്സ് ആഗ്രഹിക്കുന്നവർക്ക് കവിശിക്ഷയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ എഴുത്തുകൂട്ടം പ്രസിഡന്റ് ശശി കളരിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുരേഷ് പർളിക്കാട് ആമുഖപ്രസംഗം നടത്തി. ചടങ്ങിൽ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ശശി കളരിയേൽ പൊന്നാട അണിയിച്ച് ആദരിച്ചു. കവി കെ. ദിനേശ് രാജാ, ഗീത കൈപ്പറമ്പ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന ‘ഗ്രാമ്യകവിത’കളുടെ അവതരണത്തിൽ കെ. ദിനേശ് രാജാ, മിനിമോഹൻ, നോമി കൃഷ്ണ, ഹവ്വ ടീച്ചർ, വിനോദ് വളപ്പിൽ, ഗീത മേലേഴത്ത്, അജിതകുമാരി, പി.ബി. രമാദേവി തുടങ്ങിയവർ കവിതകൾ ആലപിച്ചു. റജീന റഹ്‌മാൻ, സനു അശോക്, പ്രസാദ് പ്രഭാകർ തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.



