
അമ്പഴക്കാട് : യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്ന വിശുദ്ധ തോമസ് ശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്റാനാ തിരുന്നാളിന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ കൊടിയേറി. ക്രിസ്തുവിന്റെ ഉയിർപ്പിനുശേഷം സുവിശേഷപ്രഘോഷണത്തിനായി ഇന്ത്യയിലെത്തി കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന് അടിത്തറ പാകുകയും നിരവധി വിശ്വാസ സമൂഹങ്ങൾക്ക് രൂപം നൽകുകയും ചെയ്ത വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയാണ് ദുക്റാനാ തിരുനാൾ. ജൂലൈ 3-നാണ് സഭ ദുക്റാനാ തിരുനാൾ ആചരിക്കുന്നത്.
തിരുന്നാളിന് മുന്നോടിയായി ഇടവകാ തിർത്തിയായ അഷ്ടമിചിറയിൽ നിന്ന് മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദീപശിഖ പ്രയാണം പള്ളിയിലെത്തി. കണ്ണൂർ വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയത്തിൽ നിന്ന് തെളിയിച്ച ദീപശിഖയ്ക്ക് പള്ളിയിൽ സ്വീകരണം നൽകി.
തുടർന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ആന്റു ആലപ്പാടൻ കൊടിയേറ്റ തിരുക്കർമങ്ങൾക്കും പ്രസുദേന്തി വാഴ്ചയ്ക്കും മുഖ്യകാർമികത്വം വഹിച്ചു.
തിരുന്നാളിനോടനുബന്ധിച്ച് മെയ് 1 മുതൽ ജൂൺ 26 വരെ എല്ലാ വെള്ളിയാഴ്ചകളിലും മാർതോമാ ശ്ലീഹായുടെ നൊവേനയും നേർച്ച ഊട്ടും നടത്തി. ജൂൺ 22 മുതൽ എല്ലാ ദിവസവും നവനാൾ ആഘോഷപൂർവം നടക്കുന്നു.
ജൂലൈ 1 ന് ബുധനാഴ്ച്ച വൈകിട്ട് 5.30ന് നവനാൾ സമാപനം, വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് കുടുംബ യൂണിറ്റുകൾ, ഭക്തസംഘടനകൾ, മതബോധന യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളോടെ ഇടവക ദിനം ആഘോഷിക്കും.
ജൂലൈ 2 വ്യാഴാഴ്‌ച്ച വൈകിട്ട് 5.30ന് വിശുദ്ധന്റെ കൂട് തുറക്കൽ തിരുക്കർമങ്ങൾക്ക് ഇടവകയിലെ വൈദികർ മുഖ്യകാർമികരാകും.
ജൂലൈ 3 തിരുന്നാൾ ദിനത്തിൽ രാവിലെ 5.45ന് വിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച ഊട്ട് ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന തിരുന്നാൾ പാട്ടുകുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണവും വൈകിട്ട് 5 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി ഫൊറോന വികാരി ഫാ. ജോസ് അരീക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ തണ്ടിയേക്കൽ, ട്രസ്റ്റിമാരായ തോമസ് ഇല്ലിക്കാണി, പോൾ തെക്കിനിയത്ത്, വിജി കണിച്ചായി, ജനറൽ കൺവീനർ ജോണി കോക്കാട്ടി, ദീപശിഖ പ്രയാണം കൺവീനർ ലിൻസൻ കാരാത്ര, ജോയിന്റ് കൺവീനർ സെയ്ഞ്ചൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും ഇടവകാംഗങ്ങളും പ്രവർത്തിച്ചുവരുന്നു.



