
ചാലക്കുടി : അതിരപ്പിള്ളി, മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ വൻ അപകടഭീഷണിയിലാണെന്ന് ജീവനക്കാരുടെ മുന്നറിയിപ്പ്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ അമിത വർധനയാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്നാണ് ജീവനക്കാർ പറയുന്നത്.
വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനയായ ഇൻഡിപെൻഡന്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് സി.എം.ഡിക്കും ചാലക്കുടി യൂണിറ്റ് അധികൃതർക്കും അടിയന്തര പരാതി നൽകി.
നിയമപ്രകാരം പരമാവധി 64 യാത്രക്കാരെ മാത്രം കയറ്റാൻ അനുമതിയുള്ള ബസുകളിൽ നിലവിൽ 100 മുതൽ 120 വരെ പേരാണ് യാത്ര ചെയ്യുന്നത്. ഇവരിൽ 80 മുതൽ 90 ശതമാനം വരെ സ്ത്രീകളാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ദൈർഘ്യമുള്ള വനപാതയുടെ ഒരു വശത്ത് ആഴമേറിയ കൊക്കകളാണ്. ഒറ്റവരി റോഡും ഒമ്പത് ഹെയർപിൻ വളവുകളും ഉള്ള ഈ റൂട്ടിൽ പല സ്ഥലങ്ങളിലും ബസുകൾ പിന്നോട്ടെടുത്താണ് തിരിക്കേണ്ടി വരുന്നത്. അമിതഭാരം മൂലം ഇത്തരം സാഹചര്യങ്ങളിൽ ബ്രേക്കിംഗ് കാര്യക്ഷമമാകുന്നില്ലെന്നാണ് ഡ്രൈവർമാരുടെ ആശങ്ക.
ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് നിലവിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഏറെയും 15 വർഷത്തിലേറെ പഴക്കമുള്ളവയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
യാത്രാക്ലേശം ഒഴിവാക്കാൻ കൂടുതൽ ബസുകൾ അനുവദിക്കണമെന്നും, മുമ്പ് നിർത്തിവച്ച സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ റൂട്ടിൽ വലിയ ദുരന്തസാധ്യത നിലനിൽക്കുന്നതായും അവർ മുന്നറിയിപ്പ് നൽകി.


