
കൊച്ചി : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു. ജനവികാരത്തെയും പൊതുസമൂഹത്തിന്റെ നന്മയെയും മറികടന്നുകൊണ്ട് ഇത്തരം ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകാൻ ഒരു മുന്നണിക്കും സർക്കാരിനും കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ബിഷപ്പ് ഈ നിലപാട് വ്യക്തമാക്കിയത്.
ഋഷിരാജ് സിംഗിന്റെ റിപ്പോർട്ട് കണക്കിലെടുക്കണം : വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിച്ചാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ വിപത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻ സർക്കാർ കാലത്ത് എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് റിപ്പോർട്ട് നൽകിയിരുന്നു. ഈ കണ്ടെത്തലുകൾ നിലവിലെ സർക്കാരും ഗൗരവത്തോടെ കാണണം.
മദ്യനയത്തിലെ പാരമ്പര്യം കാത്തുസൂക്ഷിക്കണം : യുഡിഎഫിന്റെ മുൻകാല മദ്യനയ പാരമ്പര്യവും അവരുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറാകണം.
ലഹരിവേട്ടയുടെ ശോഭ കെടുത്തരുത് : രാജ്യം കണ്ട ഏറ്റവും വലിയ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ വഴി നേടിയെടുത്ത നേട്ടങ്ങളെ, പുതിയ ലഹരി വ്യാപനത്തിലൂടെ ഇല്ലാതാക്കരുത്.
”പൊതുസമൂഹത്തിന് അപകടകരമാകുന്ന ഇത്തരം മദ്യനയങ്ങളുമായി സർക്കാർ മുന്നോട്ട് പോയാൽ അത് ശക്തമായ ജനകീയ പ്രതിഷേങ്ങൾക്ക് വഴിവെക്കും.”



