കോട്ടയം: ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ, എൻ.എസ്.എസിനെ നെഞ്ചോട് ചേർത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘വസ്തുതകൾ വ്യക്തമാക്കുന്നു’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്.
എൻ.എസ്.എസ്. ജനറൽ സെക്രട്ടറിക്കെതിരെ ബി.ജെ.പി. നിലപാട് സ്വീകരിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രധാന പ്രസക്തഭാഗങ്ങൾ:
എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഒരു കാലത്തും ഇടപെട്ടിട്ടില്ല, ഇനി ഇടപെടുകയുമില്ല.
ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയിൽ എൻഎസ്എസിനെയും അതിന്റെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ബിജെപി ഏറെ ബഹുമാനിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതൽ തനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകിയ വ്യക്തിയാണ് സുകുമാരൻ നായർ. അദ്ദേഹവുമായി ഏറെ വ്യക്തിപരമായ അടുപ്പമുണ്ട്.
ലക്ഷക്കണക്കിന് വരുന്ന നായർ സമുദായംഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻഎസ്എസിനെയും അതിന്റെ നേതൃത്വത്തെയും രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി ഏറെ ഉത്തരവാദിത്തത്തോടെ മാത്രമേ സമീപിക്കൂ.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രസംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ്, വിവാദങ്ങൾക്ക് തടയിടാനും പെരുന്നയുമായുള്ള ബന്ധം വഷളാകാതിരിക്കാനും ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.




