ലഹരിവിരുദ്ധ പോസ്റ്റർ മത്സരം: വൈഗ വി. പ്രദീപിന് ഒന്നാം സ്ഥാനം

​തൃശ്ശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടും സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിനോടും അനുബന്ധിച്ച് തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പോസ്റ്റർ മേക്കിങ്ങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. തൃശ്ശൂർ സേക്രഡ്‌ ഹാർട്ട് സ്കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനി വൈഗ വി. പ്രദീപ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
​കുത്താമ്പുള്ളി പഴശ്ശിരാജാ സീനിയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥി അഭിജിത്ത് കാളിദാസ് എസ്. രണ്ടാം സ്ഥാനവും, പുറ്റേക്കര സെൻറ് ജോൺസ് ഹൈസ്കൂളിലെ എട്ടാംക്ളാസ്സ് വിദ്യാർത്ഥിനി അന്യുക പി. എസ്. മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 62 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.
​തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നകുൽ ആർ. ദേശ്മുഖ് ഐ.പി.എസ്. വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
​ചടങ്ങിൽ തൃശ്ശൂർ സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി. ഷിബു പി., സോഷ്യൽ പോലീസിംഗ് വിഭാഗം സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് എന്നിവരും വിജയികളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *