തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
ഡിജിപി റാവാഡ ചന്ദ്രശേഖർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ച ശേഷം നൽകിയ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു. നിലവിൽ ബെവ്കോ എംഡിയായി സേവനമനുഷ്ഠിക്കുകയാണ് എം.ആർ. അജിത് കുമാർ. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ:
കേസ് അട്ടിമറിക്കാൻ ഇടപെടൽ: മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിഷേധക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ അജിത് കുമാർ നേരിട്ട് ഇടപെട്ടതായി എസ്ഐടി കണ്ടെത്തി.
കൃത്യമായ തെളിവുകൾ: ഫോൺ സംഭാഷണങ്ങൾ, സാക്ഷിമൊഴികൾ, സാചര്യത്തെളിവുകൾ എന്നിവ ശേഖരിച്ചാണ് എഡിജിപിയുടെ പങ്ക് എസ്ഐടി ഉറപ്പിച്ചത്.
റിപ്പോർട്ടിലെ തിരുത്തലുകൾ: എസ്ഐടിയുടെ ആദ്യ റിപ്പോർട്ടിൽ എഡിജിപിയുടെ പങ്ക് ഒഴിവാക്കപ്പെട്ടിരുന്നു. തുടർന്ന് ഡിജിപിയുടെ ഇടപെടലിനെ തുടർന്നാണ് വ്യക്തതയുള്ള വിശദമായ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചത്. ആദ്യ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകും.
പ്രത്യാഘാതങ്ങളും രാഷ്ട്രീയ സാഹചര്യവും:
ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളായ യുഡിഎഫ് ഉൾപ്പെടെയുള്ള വൃത്തങ്ങളിൽ നിന്ന് ശക്തമായ രാഷ്ട്രീയ വിമർശനവും പ്രതിഷേധവും ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ നിർണായക തീരുമാനം.





