​പോലീസ് മർദ്ദനം: രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിൽ അഭിഭാഷകന് വിജയം; 1.35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു

​കോട്ടയം: രണ്ട് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പോലീസിനെ മുട്ടുകുത്തിച്ച് അഭിഭാഷകൻ. ചങ്ങനാശ്ശേരി ബാറിലെ അഭിഭാഷകനായ റോയി തോമസിനാണ് അനുകൂല വിധി ലഭിച്ചത്. തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക നീതി നിഷേധിക്കപ്പെട്ടവർക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
​കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജില്ലാ കോടതി റോയി തോമസിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കോടതി ഉത്തരവിനെത്തുടർന്ന് നഷ്ടപരിഹാരത്തുകയും വർഷങ്ങളായുള്ള പലിശയും കോടതിച്ചെലവും ഉൾപ്പെടെ 1.35 ലക്ഷം രൂപ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർ അഭിഭാഷകന് കൈമാറി.

​കേസിനാസ്പദമായ സംഭവം:
​2004 മാർച്ച് 24-നായിരുന്നു സംഭവം. ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട തർക്കം എതിർകക്ഷികളുമായി സംസാരിച്ചു തീർക്കുന്നതിനാണ് റോയി തോമസ് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതിനെ തുടർന്ന് അദ്ദേഹം പുറത്തിറങ്ങി.
​തുടർന്ന്, അന്നത്തെ ചങ്ങനാശ്ശേരി എസ്.ഐയും പിന്നീട് ഡിവൈ.എസ്.പിയുമായ (അന്തരിച്ച) കെ. ശ്രീകുമാറിന്റെ നിർദേശപ്രകാരം ബിജു, ശ്രീകുമാർ, ജമാൽ എന്നീ പോലീസ് ഉദ്യോഗസ്ഥർ റോയിയെ റോഡിൽ നിന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
​സി.സി.ടി.വി ക്യാമറകൾ പോലുമില്ലാതിരുന്ന കാലത്ത് നടന്ന സംഭവമായിരുന്നിട്ടും, പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദങ്ങളുണ്ടായിട്ടും ഉറച്ചുനിന്ന സാക്ഷികളുടെ മൊഴികളാണ് കേസിൽ നിർണ്ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *