കൊച്ചി: ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,560 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,195 രൂപയായി ഉയർന്നു.
ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപയും, വൈകീട്ടോടെ വീണ്ടും 105 രൂപയും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണി ഞെട്ടിച്ചുകൊണ്ട് വീണ്ടും വില ഉയർന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ അനിയന്ത്രിതമായ കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാവുകയാണ്. പണിക്കൂലിയും ജി.എസ്.ടിയും കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണം കൈകളിൽ എത്തുമ്പോഴേക്കും തുക ഇനിയും ഉയരും. വരും ദിവസങ്ങളിലും വിപണിയിൽ അസ്ഥിരത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.




