തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ്. സർക്കാർ സംഘപരിവാർ അജണ്ടകളുടെ നടത്തിപ്പുകാരായി മാറിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോ മന്ത്രിമാരും ആർ.എസ്.എസ്. വിധേയത്വം പ്രഖ്യാപിക്കാൻ പരസ്യമായി മത്സരിക്കുകയാണെന്നും ഭരണം പൂർണ്ണമായും വലതുപക്ഷ-വർഗ്ഗീയ കൂട്ടുകെട്ടിന് വഴിമാറിയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
പി.എം.എ.വൈ. (PMAY) പദ്ധതിയിൽ നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പമെന്നാണ് യു.ഡി.എഫ്. നേതാവ് കെ.എം. ഷാജി ചോദിക്കുന്നത്. എന്നാൽ, മുൻ എൽ.ഡി.എഫ്. സർക്കാർ ലൈഫ് മിഷൻ വീടുകളിൽ ഇത്തരം രാഷ്ട്രീയ ലോഗോകൾ വെക്കാൻ വിസമ്മതിച്ച ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ അവകാശങ്ങളെ കേന്ദ്രത്തിന്റെ പരസ്യപ്പലകയാക്കാൻ എൽ.ഡി.എഫ്. തയ്യാറായിരുന്നില്ല. എന്നാൽ ഇന്നത്തെ യു.ഡി.എഫ്. ഭരണാധികാരികൾ കേന്ദ്രത്തിന് മുന്നിൽ നട്ടെല്ല് പണയം വെച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസ്. അജണ്ട
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എം.ജി. സർവകലാശാല, കാർഷിക സർവകലാശാല എന്നിവടങ്ങളിൽ ആർ.എസ്.എസ്. അജണ്ടകൾ നടപ്പാക്കാൻ പറ്റുന്ന ആളുകളെ തിരഞ്ഞുപിടിച്ച് നിയമിക്കുകയാണ്. കേന്ദ്രത്തിന്റെ പി.എം. ശ്രീ. (PM-SHRI) പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുമ്പോൾ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ സംഘപരിവാർ അനുകൂലിയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി തന്നെ തുറന്നുപറയേണ്ടി വരുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തി നിൽക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യു.ഡി.എഫിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.




