ആളൂര്‍: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ പോലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന്‍ ജുവിന്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആനത്തടം സ്വദേശി തയ്യില്‍ പ്രദീപിന്റെ മകന്‍ അനന്തകൃഷ്ണന്‍ (18) ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഈ മാസം 15ന് രാവിലെ 11.45 ഓടെ പോട്ട – മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ പോലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പിടിച്ചാണ് അപകടം നടന്നത്. കദളിച്ചിറ ഭാഗത്ത് സ്‌കൂട്ടര്‍ വലത്തോട്ട് തിരിയുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പോലീസ് ജീപ്പ് ഇടിച്ചുകയറിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി, ജുവിനെ ആലുവയിലെ രാജഗിരി ആശുപത്രിയിലും അനന്തകൃഷ്ണനെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായിരുന്നുവെങ്കിലും ജുവിന്റെ മരണം ചൊവ്വഴ്ച്ച ഉച്ചയോടെ സ്ഥിരീകരിക്കുകയായിരുന്നു. അപകടസമയത്ത് പോലീസ് ജീപ്പ് അമിതവേഗത്തിലായിരുന്നുവെന്നും വാഹനമോടിക്കുന്നതില്‍ അശ്രദ്ധ ഉണ്ടായിരുന്നുവെന്നും നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും ആരോപിച്ചു. ഏറെ നാളായി വിദേശത്തായിരുന്ന ജുവിന്റെ പിതാവ് രാജു സംഭവമറിഞ്ഞ് നാട്ടിലെത്തി. മരണപ്പെട്ട ജുവിന്‍ ഈ വര്‍ഷം ആനത്തടം സെന്റ് ആന്‍സ് സ്‌കൂളില്‍നിന്നും എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥിയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. അമ്മ: ബീന. സഹോദരി: ജൂനിയ (പ്ലസ്ടു വിദ്യാര്‍ഥിനി).
സ്വപ്നങ്ങള്‍ പാതിവഴിയില്‍; എസ്എസ്എല്‍സി വിജയത്തിന്റെ മധുരം മായും മുമ്പേ ജുവിനെ നമ്മെ വിട്ടുപോയെങ്കിലും ജുവിന് അവയവങ്ങളിലൂടെ ഇനിയും ജീവിക്കും. അവയവങ്ങൾ ദാനം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന്റെ സന്തോഷവും പ്ലസ്‌വണ്‍ പഠനത്തിനായുള്ള പുതിയ പ്രതീക്ഷകളും മനസില്‍ നിറച്ചിരിക്കെയാണ് വിദ്യാര്‍ഥിയായ ജുവിനെ ദാരുണമായ അപകടം മരണത്തിലേക്ക് കൊണ്ടുപോയത്. മരണവാര്‍ത്ത കുടുംബാംഗങ്ങളെ മാത്രമല്ല, സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. പഠനരംഗത്ത് മികവ് പുലര്‍ത്തിയിരുന്ന ജുവിന്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായിരുന്ന ജുവിന് നല്ലൊരു സൗഹൃദവലയവും ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജുവിന്റെ മസ്തിഷ്‌ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. മകന്റെ മരണവേദനയ്ക്കിടയിലും മാതാപിതാക്കള്‍ മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടത്. ജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന കുടുംബത്തിന്റെ ആഗ്രഹപ്രകാരം നടപടികള്‍ ഇന്നലെ രാത്രി ആരംഭിച്ചു. ഹൃദയവും കരളും വൃക്കകളും 5 പേർക്ക് ജീവൻ നൽകും. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അപകടത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. അപകടത്തിന് കാരണമായ സാഹചര്യങ്ങളും പോലീസ് വാഹനത്തിന്റെ സഞ്ചാരരീതിയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നതതല പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അപകടസ്ഥലത്തെ തെളിവുകള്‍ ശേഖരിക്കുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.


