വടക്കൻ പറവൂർ: ക്രിസ്തുശിഷ്യനായ മാർ തോമാശ്ലീഹായെക്കൊണ്ട് എ.ഡി. 52-ൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ കോട്ടക്കാവ് തീർത്ഥാടന കേന്ദ്രത്തിൽ, ശ്ലീഹായുടെ 1954-ാമത് ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ പതാക ആശീർവദിച്ച് കൊടിയേറ്റം നിർവ്വഹിച്ചു.തിരുനാളിന് മുന്നോടിയായി പറവൂർ സെന്റ് ജെർമ്മയിൻസ് പള്ളിയിൽ നിന്നും കോട്ടക്കാവ് പള്ളിയിലേക്ക് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പതാക പ്രയാണം നടത്തി. ഫാ. ജെറി ഞാളിയത്ത് പതാക ആശീർവദിച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കൊടിയേറ്റത്തിനു ശേഷം നടന്ന ദിവ്യബലി, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യകാർമ്മികത്വം വഹിച്ചു.ജൂലൈ 3 വെള്ളിയാഴ്ചയാണ് പ്രധാന തിരുനാളും നേർച്ചസദ്യയും നടക്കുന്നത്. അന്ന് രാവിലെ 9-ന് സമൂഹമാമ്മൂദീസയും നവീകരണവും, തുടർന്ന് തിരുനാൾ കുർബ്ബാന, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയും ഉണ്ടായിരിക്കും.സഹവികാരി ഫാ. സിറിൾ പാലക്കൽ, ജനറൽ കൺവീനർ ജോണി ചാക്കോ കൈതാരൻ, കൈക്കാരന്മാരായ ബിനോയ് ആന്റു സ്രാമ്പിക്കൽ, ജോയ് തോമസ് മാഞ്ഞൂരാൻ, വൈസ് ചെയർമാൻ റോയി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.




