തൃശൂർ / വെള്ളിക്കുളങ്ങര : കാപ്പ (കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരമുള്ള സഞ്ചാരനിയന്ത്രണ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ വീണ്ടും പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
മറ്റത്തൂർ അന്നാംപാടം വലിയകത്ത് വീട്ടിൽ നഹാസ് എന്നറിയപ്പെടുന്ന നവാസ് (37) ആണ് പിടിയിലായത്.
2026 മാർച്ച് 29 മുതൽ ആറു മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നവാസിന് കാപ്പ നിയമപ്രകാരം വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലവിലിരിക്കെ ജൂലൈ 28-ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കോടാലി ഓവുങ്ങൽ പ്രദേശത്ത് ഇയാൾ പ്രവേശിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇതാദ്യമായല്ല നവാസ് കാപ്പ ഉത്തരവ് ലംഘിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 20-നും കോടാലി മേഖലയിൽ പ്രവേശിച്ച് വിലക്ക് ലംഘിച്ചതിന് ഇയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും അതേ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചത്.
കാപ്പ ഉത്തരവ് തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
കാപ്പ ഉത്തരവ് ലംഘിച്ച് വീണ്ടും തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട നവാസ് അറസ്റ്റിൽ




