ശേഷദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് UDF ൽ ഭിന്നത രൂക്ഷമാകുന്നു.

തിരുവനന്തപുരം : ശേഷദ്രിനാഥിന്റെ
നിയമന നടപടിയിൽ യു.ഡി.എഫ് വലിയ വില കൊടുക്കേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് രംഗത്തെത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം പ്രകടമാകുമെന്നും, സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വം തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ശേഷദ്രിനാഥിനെ പദവിയിൽ നിയമിച്ച യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പരസ്യമായ പ്രതിഷേധമുയരുകയാണ്.
​സാധാരണക്കാരായ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ ചോരയും നീരും ഒഴുക്കി പണിയെടുത്താണ് യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചത്. താഴെത്തട്ടിലുള്ള ആ അണികളുടെ വികാരവും ആഗ്രഹങ്ങളും പൂർണ്ണമായി മാനിക്കാൻ മുന്നണി നേതൃത്വത്തിന് ബാധ്യതയുണ്ടായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും പി.എം. നിയാസ് തുറന്നടിച്ചു.

നിയമനത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ വലിയ രീതിയിലുള്ള അതൃപ്തി പുകയുന്നുണ്ടെന്ന സൂചനയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. ഇതോടെ ശേഷദ്രിനാഥിന്റെ നിയമനം മുന്നണിക്കുള്ളിൽ പുതിയൊരു രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്.

​ന്യൂസ് ഡെസ്ക്, കേരള ടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *