ഇരിങ്ങാലക്കുട: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ കർക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും സംഘടിപ്പിച്ചു. കോളജിലെ ബോട്ടണി വിഭാഗവും നേച്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു.വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ, ആരോഗ്യസംരക്ഷണത്തിനായി പരമ്പരാഗത ഭക്ഷണശീലങ്ങളും ഔഷധസസ്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.ഈ അധ്യയന വർഷം പുതുതായി ആരംഭിച്ച ആയൂർബോട്ടണി (Ayurbotany) കോഴ്സിലെ വിദ്യാർഥിനികളും കോളജിലെ ഹെർബൽ കോസ്മെറ്റോളജി യൂണിറ്റും ചേർന്നാണ് ഔഷധക്കഞ്ഞിയും മരുന്നുണ്ടയും തയ്യാറാക്കിയത്.മരുന്നുണ്ടയുടെ ആദ്യ വിതരണം ബോട്ടണി വിഭാഗം ഹെർബേറിയം കീപ്പർ എൻ.ജെ. വത്സയ്ക്കും, കർക്കിടകക്കഞ്ഞിയുടെ ആദ്യ വിതരണം ബോട്ടണി വിഭാഗം മേധാവി ഡോ. ആൽഫ്രഡ് ജോയ്ക്കും നൽകി നിർവഹിച്ചു. പ്രകൃതിദത്തമായ പാരമ്പര്യ ചികിത്സാരീതികളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും സജീവമായി പങ്കെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ കർക്കിടക മാസാചരണം,ഔഷധക്കഞ്ഞിയും മരുന്നുണ്ടയുമായി ആയുർബോട്ടണി വിദ്യാർഥിനികൾ




